
കൊച്ചി: പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയിലെ അമിത ലാഭത്തിന് മുകളില്‍ ചുമത്തുന്ന വിൻഡ് ഫാള്‍ നികുതി കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കി.
ക്രൂഡോയില്‍ ഉത്പാദനം, വിമാന ഇന്ധനം, പെട്രോള്‍, ഡീസല്‍ കയറ്റുമതി എന്നിവയുടെ മേല്‍ ഏർപ്പെടുത്തിയ പ്രത്യേക അധിക എക്സൈസ് നികുതിയും റോഡ് അടിസ്ഥാന വികസന സെസ് എന്നിവ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചുവെന്നാണ് ധനമന്ത്രാലയം അറിയിച്ചത്.
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയർന്നതോടെ കമ്പനികളുടെ അധിക ലാഭം നിയന്ത്രിക്കുന്നതിനാണ് 2022 ജൂലായില്‍ ആഭ്യന്തര ക്രൂഡോയില്‍ ഉത്പാദന കമ്പനികള്‍ക്ക് മേല്‍ വിൻഡ് ഫാള്‍ നികുതി ഏർപ്പെടുത്തിയത്.
ഇതോടൊപ്പം പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയിലും അധിക എക്‌സൈസ് തീരുവ ചുമത്തിയിരുന്നു.
കഴിഞ്ഞ ആഗസ്‌റ്റ് 31ന് ക്രൂഡോയില്‍ ഉത്പാദനത്തിലെ വിൻഡ് ഫാള്‍ നികുതി ടണ്ണിന് 1,850 രൂപയായി നിശ്ചയിച്ചിരുന്നു.
രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 70നും 75 ഡോളറിനും ഇടയില്‍ സ്ഥിരതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വിൻഡ് ഫാള്‍ നികുതി പിൻവലിക്കുന്നത്.
വിൻഡ് ഫാള്‍ നികുതി
പ്രത്യേക വ്യവസായങ്ങള്‍ അസാധാരണവും ശരാശരിയേക്കാളും കൂടുതല്‍ ലാഭം നേടുമ്പോള്‍ സർക്കാർ ചെലത്തുന്ന നികുതിയാണ് വിൻഡ് ഫാള്‍ നികുതി.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കമ്പനികള്‍ക്ക് അസാധാരണമായ ലാഭം ലഭിക്കുമ്പോള്‍ അതിലൊരു പങ്ക് സർക്കാരിന് നേടാൻ വിൻഡ് ഫാള്‍ നികുതിയിലൂടെ കഴിയും.