അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2025-26) രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികള്‍ ചേര്‍ന്ന് കാംപസ് പ്ലേസ്‌മെന്റ് വഴി നിയമിക്കുന്നത് 32,000ത്തോളം പുതുമുഖങ്ങളെ.
ബാംഗ്ലൂർ ആസ്ഥാനമായ ഇൻഫോസിസ് 20,000ത്തോളം പേരെയാണ് ക്യാംപസ് റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുക. കമ്പനിയുടെ ബിസിനസ് വളര്‍ച്ച കൂടുമെന്ന പ്രതീക്ഷയാണ് പുതിയ നിയമനങ്ങള്‍ക്ക് കരുത്തു പകരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം (2024-25) മൊത്തം 15,000 പുതുജീവനക്കാരെ നിയമിക്കാനാണ് ഇന്‍ഫോസിസ് ലക്ഷ്യമിട്ടിരുന്നത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 5,591 ജീവനക്കാരെ നിയമിച്ചു. തുടര്‍ച്ചയായ രണ്ടാം പാദമാണ് കമ്പനി ജീവനക്കാരുടെ എണ്ണം കൂട്ടുന്നത്. ഈ വർഷത്തെ ലക്‌ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മറ്റൊരു ഐ.ടി ഭീമനായ വിപ്രോ 10000-12,000 പേര്‍ക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കാംപസ് പ്ലേസ്‌മെന്റ് നല്‍കാനൊരുങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് ഉപോഗിച്ചാണ് വിപ്രോ ഫ്രഷ് ലെവല്‍ പ്ലേസ്‌മെന്റ് നടത്തുന്നത്. ഇത് നിയമനങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറച്ചതിനു ശേഷമാണ് ഇൻഫോസിസ് സെപ്റ്റംബര്‍ പാദം മുതല്‍ ജീവനക്കാരെ നിയമിച്ചു തുടങ്ങിയത്. നാലാം പാദത്തില്‍ ശമ്പള വര്‍ധനവും നടപ്പാക്കിതുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്‍ഫോസിസിന്റെ വരുമാനം മൂന്നാം പാദത്തില്‍ 7.5 ശതമാനം വര്‍ധിച്ച് 41,764 കോടിരൂപയായി. മുന്‍ വര്‍ഷം സമാനപാദത്തില്‍ 38,821 കോടി രൂപയായിരുന്നു. ഇതോടെ കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ കണ്‍സിസ്റ്റന്റ് കറന്‍സി വരുമാന വളര്‍ച്ച 4.5-5 ശതമാനമാക്കിയിട്ടുണ്ട്. നേരത്തെ 3.75-4.5 ശതമാനമാണ് നിശ്ചയിച്ചിരുന്നത്.
ഈ വര്‍ഷം 10,000 പേര്‍ക്കാണ് കാംപസ് പ്ലേസ്‌മെന്റ് നല്‍കാന്‍ വിപ്രോ ലക്ഷ്യമിടുന്നത്. ഇതില്‍ 7,000 പേരെ മൂന്നാം പാദത്തില്‍ നിയമിച്ചു. അടുത്ത പാദത്തില്‍ 2,500-3,000 പേര്‍ക്ക് കൂടി പ്ലേസ്‌മെന്റ് നല്‍കുമെന്നു കമ്പനി അറിയിച്ചു.
വിപ്രോ മൂന്നാം പാദത്തില്‍ 3,354 കോടി രൂപയാണ് ലാഭം നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വളര്‍ച്ച. വരുമാനം 22,319 കോടി രൂപയായി. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മുകളിലാണിത്.