ബെംഗളൂരു: രാജ്യത്തെ വമ്പൻ ഐടി കമ്പനികളിലൊന്നായ വിപ്രോ, നിർണായക നീക്കവുമായി രംഗത്ത്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദകാലയളവിലെ പ്രവർത്തനഫലം അംഗീകരിക്കാൻ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം.
പൂർണ ഉടമസ്ഥതയിലുള്ള അഞ്ച് ഉപകമ്പനികളെ മാതൃകമ്പനിയായ വിപ്രോ ലിമിറ്റഡിലേക്ക് ലയിപ്പിക്കുമെന്നാണ് പ്രഖ്യാപനം. മുഖ്യമായും നാല് കാരണങ്ങളാണ് ലയനത്തിന് പ്രേരിപ്പിച്ചതെന്നാണ് ഡയറക്ടർ ബോർഡിന്റെ വിശദീകരണം.
അഞ്ച് ഉപകമ്പനികൾ
വിപ്രോ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികളെയാണ് ലയിപ്പിക്കുന്നത്. വിപ്രോ എച്ച്ആർ സർവീസസ്, വിപ്രോ ഓവർസീസ് ഐടി സർവീസസ്, വിപ്രോ ടെക്നോളജി പ്രോഡക്ട് സർവീസസ്, വിപ്രോ ട്രേഡ്മാർക്ക്സ് ഹോൾഡിങ്, വിപ്രോ വിഎൽഎസ്ഐ ഡിസൈൻ സർവീസസ് എന്നിങ്ങനെ അഞ്ച് കമ്പനികളെയാണ് മാതൃകമ്പനിയായ വിപ്രോ ലിമിറ്റഡിലേക്ക് ഒന്നിച്ചുചേർക്കുന്നത്.
അതേസമയം ഉപകമ്പനികളെ ലയിപ്പിക്കാൻ വിപ്രോ ഡയറക്ടർ ബോർഡ് യോഗത്തിൽ സ്വീകരിച്ച തീരുമാനത്തിന്, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ഉൾപ്പെടെയുള്ള നിയന്ത്രണ, നിയമകാര്യ ഏജൻസികളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനികളുടെ ലയനമായതിനാൽ, പുതിയ ഓഹരി ഇഷ്യു ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ട് വിപ്രോയുടെ ഷെയർഹോൾഡിങ് പാറ്റേണിലും മാറ്റംവരില്ല.
വിപ്രോ ഓവർസീസ് ഐടി സർവീസസിന്, മാർച്ച് 2023 വരെയുള്ള ഡേറ്റ പ്രകാരം വരുമാനമില്ല. വിപ്രോ എച്ച്ആർ സർവീസസിന്റെ വരുമാനം 67,753 കോടിയും വിപ്രോ ടെക്നോളജി പ്രോഡക്ട് സർവീസസിന്റെ വരുമാനം 85.3 കോടിയും വിപ്രോ വിഎൽഎസ്ഐ ഡിസൈനിന് 218 കോടിയും വിപ്രോ ട്രേഡ്മാർക്കിന് 29 ലക്ഷവും വീതമാണ് 2023 മാർച്ച് വരെയുള്ള രേഖകൾ പ്രകാരം വരുമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നാല് കാരണങ്ങൾ
ബിസിനസ് പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കൂട്ടുപ്രവർത്തനം, ഭരണ നിർവഹണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കുക, നിയമപരമായ ഘടന പൂർണതയിലെത്തിക്കുക, നിയമപരവും കാര്യനിര്വ്വഹണത്തിനുമായി ആവർത്തിച്ച് ചെലവിടുന്ന തുക ഗണ്യമായി കുറയ്ക്കുക എന്നിങ്ങനെയുള്ള നാല് കാരണങ്ങളാണ് കമ്പനികളുടെ ലയനത്തിന് പിന്നിലെന്നാണ് വിപ്രോയുടെ ഡയറക്ടർ ബോർഡ് യോഗം ചൂണ്ടിക്കാണിച്ചത്.