ബെഗളൂരു: ഓഹരി തിരിച്ചുവാങ്ങലിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 16 നിശ്ചയിച്ചിരിക്കയാണ് ഐടി ഭീമന്‍ വിപ്രോ. 10 ശതമാനം പ്രീമിയത്തില്‍, അതായത് 445 രൂപയ്ക്കാണ് ഓഹരി സ്വീകരിക്കുക. നിലവിലെ വില 405 രൂപ.
മൊത്തം ഇക്വിറ്റി ഓഹരികളുടെ 4.91 ശതമാനം ഇത്തരത്തില്‍ തിരിച്ചുവാങ്ങും. സര്‍ക്കുലേഷനിലുള്ള ഓഹരിയുടെ അളവ് കുറയ്ക്കാനും മൂല്യം വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനികള്‍ ഷെയര്‍ ബൈബാക്ക് സംഘടിപ്പിക്കുന്നത്.കമ്പനി നടത്തുന്ന അഞ്ചാമത്തെ തിരിച്ചുവാങ്ങലാണിത്.
തീരുമാനം ഓഹരി വിലയെ സഹായിച്ചില്ല. പ്രഖ്യാപനം നടത്തിയ ശേഷം സ്റ്റോക്ക് 4.8 ശതമാനം ഇടിവ് നേരിട്ടു. മോശം നാലാംപാദ പ്രകടനമായിരുന്നു കമ്പനിയുടേത്.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 3,074 കോടി രൂപയായി കുറയുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3,087 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം. ഏകീകൃത പ്രവര്‍ത്തന വരുമാനം 11 ശതമാനം വര്‍ധനവില്‍ 23,190 കോടി രൂപയായി.
സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 0.6 ശതമാനം കുറഞ്ഞപ്പോള്‍ വര്‍ഷം തോറും 6.5 ശതമാനമായി കൂടി. വരുമാനത്തില്‍ 13 ശതമാനം വര്‍ധനവും ഏകീകൃത ലാഭത്തില്‍ 2.2 ശതമാനം വര്‍ധനവുമാണ് പ്രതീക്ഷിച്ചിരുന്നത്.