ന്യൂഡൽഹി: ജർമ്മനിയിലെ ഫ്രീലാസിംഗ് ആസ്ഥാനമായുള്ള ഹോക്രെയ്‌നർ ജിഎംബിഎച്ച് ഏറ്റെടുക്കുന്നതിനുള്ള കൃത്യമായ കരാറിൽ ഒപ്പുവച്ചതായി വിപ്രോ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗിന്റെ (ഒരു വിപ്രോ എന്റർപ്രൈസസ് സ്ഥാപനം) വ്യാവസായിക ഓട്ടോമേഷൻ ബിസിനസ്സായ വിപ്രോ പാരി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹോക്രെയ്‌നർ ജിഎംബിഎച്ച് 1973 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നും, സ്ഥാപനത്തിൽ നിലവിൽ 130 ഓളം പേർ ജോലി ചെയ്യുന്നുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായ വിപ്രോ പ്രസ്താവനയിൽ പറഞ്ഞു. നിരവധി ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്കായി ഓട്ടോമേഷൻ സാങ്കേതികവിദ്യയുടെയും അസംബ്ലി സംവിധാനങ്ങളുടെയും ഒരു പ്രധാന വിതരണക്കാരനാണ് കമ്പനി. കൂടാതെ മറ്റ് വാഹനേതര മേഖലകളിലും ഹോക്രെയ്‌നറിന് കാര്യമായ സാന്നിധ്യമുണ്ട്.
ഏകദേശം 1,300 ജീവനക്കാരും ആഗോള സാന്നിധ്യവുമുള്ള വിപ്രോ പാരിയെ സംബന്ധിച്ചിടത്തോളം, ഈ ഏറ്റെടുക്കൽ യൂറോപ്പിലെ ഗ്രൂപ്പിന്റെ തന്ത്രപരമായ വികസനത്തിലെ ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നതായി വിപ്രോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഈ ഏറ്റെടുക്കൽ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ വിപ്രോ വെളിപ്പെടുത്തിയിട്ടില്ല.