കൊച്ചി / ബെംഗളൂരു: രാജ്യത്തെ മുൻനിര ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ വിപ്രോ കേരളത്തിൽ നിന്നുള്ള പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ ‘നിറപറ’യെ ഏറ്റെടുക്കുന്നു.
വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്’ വഴിയാണ് ഏറ്റെടുക്കൽ. എത്ര തുകയുടെ ഇടപാടാണെന്നത് സംബന്ധിച്ച വിശദവിവരങ്ങൾ അറിവായിട്ടില്ല.
2003ൽ ചന്ദ്രിക സോപ്പിനെ ഏറ്റെടുത്തതിന് ശേഷം വിപ്രോ സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള പ്രധാന ബ്രാൻഡ് കൂടിയാണ് നിറപറ. നിറപറയുടെ ധാന്യപ്പൊടികൾ ഉൾപ്പെടുന്ന റെഡി ടു കുക്ക് ഉത്പന്നങ്ങൾ, സ്‌പൈസ് പൗഡർ ഉത്പന്നങ്ങൾ എന്നിവയിലാകും വിപ്രോയുടെ ഫോക്കസ്.
‘നിറപറ’ എന്ന ബ്രാൻഡ് നിലനിർത്തിക്കൊണ്ട് തന്നെയാണ് ഏറ്റെടുക്കൽ പൂർത്തിയാക്കുക. ചന്ദ്രിക, സന്തൂർ, യാർഡ്‌ലി തുടങ്ങിയ ബ്രാൻഡുകളിലൂടെ പേഴ്‌സണൽ കെയർ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോയുടെ ഭക്ഷ്യോത്പന്ന വിപണിയിലേക്കുള്ള ചുവടുവെയ്പാകും നിറപറയുടെ ഏറ്റെടുക്കലിലൂടെ സാധ്യമാവുന്നത്.
1976ൽ കെ. കെ. കർണൻ എന്ന സംരംഭകന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ കാലടിയിൽ ആരംഭിച്ച സംരംഭം 1988-ലാണ് ‘നിറപറ’ എന്ന ബ്രാൻഡ്‌നാമം സ്വീകരിച്ചത്. അരി, കറിപ്പൊടികൾ, അച്ചാർ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെ വിപണി പിടിച്ച നിറപറ പിന്നീട് സ്‌പൈസ് പൗഡർ രംഗത്തേക്കും ചുവടുവെച്ചു.
കെ. കെ. കർണന്റെ പുത്രൻ ബിജു കർണന്റെ നേതൃത്വത്തിൽ നിറപറ കേരള വിപണിക്ക് പുറമേ മലയാളി സാന്നിധ്യമുള്ള വിദേശ വിപണികളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ചുവടുറപ്പിച്ചു.
അമേരിക്ക, യൂറോപ്പ് വിപണികളിലും സാന്നിധ്യമറിയിക്കാൻ ബ്രാൻഡിന് കഴിഞ്ഞു. ആകെ ബിസിനസിന്റെ 63% കേരളത്തിൽ നിന്നും, 8% മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, 29% അന്താരാഷ്ട്ര വിപണികളിൽ (പ്രധാനമായും ജിസിസി രാജ്യങ്ങൾ) നിന്നുമാണ്.
2017-18 സാമ്പത്തിക വർഷം ഏതാണ്ട് 400 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനി 2020-ഓടെ അത് 1,000 കോടി രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടെങ്കിലും പ്രതിസന്ധികളെത്തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി മേൽക്കൈ നഷ്ടപ്പെടുകയായിരുന്നു.
പല വിപണികളിലും നിറപറ ഉത്പന്നങ്ങളുടെ സാന്നിധ്യത്തിലും കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷം 100 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്നാണ് വിവരം. ഒരു വർഷം മുമ്പുതന്നെ വിപ്രോയുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും വില സംബന്ധിച്ച ധാരണയെത്താത്തതിനെത്തുടർന്ന് അത് പരാജയപ്പെട്ടിരുന്നു.
പിന്നീട് ഇരുകൂട്ടരും ചർച്ചകൾ പുനരാരംഭിച്ച് ധാരണയുണ്ടാക്കുകയായിരുന്നു. അടുത്ത ഒരു വർഷത്തേക്ക് വിപ്രോയുടെ പിന്തുണയോടെ നിലവിലെ പ്രൊമോട്ടർമാർ തന്നെയാകും ബ്രാൻഡിനെ മാനേജ് ചെയ്യുക.
ചന്ദ്രിക, യാർഡ്‌ലി ഇന്ത്യ എന്നിവ ഉൾപ്പെടെ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ് ഇതിനോടകം വിദേശ വിപണികളിൽ ഉൾപ്പെടെ പന്ത്രണ്ട് പ്രധാന ഏറ്റെടുക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
അതിവേഗ വളർച്ച പ്രതീക്ഷിക്കുന്ന സ്‌പൈസ് പൗഡർ, റെഡീ-ടു-കുക്ക് ഉത്പന്നവിപണിയിലേക്കുള്ള പ്രവേശനം നിർണായകമാണെന്നും ഈ രംഗത്ത് കൂടുതൽ ഏറ്റെടുക്കലുകൾക്ക് വിപ്രോ തയാറാണെന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റർപ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗർവാൾ, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഫുഡ് ബിസിനസ്സ് പ്രസിഡന്റ് അനിൽ ചുഘ് എന്നിവർ അറിയിച്ചു.
ഫുഡ്, എഫ്എംസിജി രംഗത്തെ ദേശീയ, രാജ്യാന്തര ബ്രാൻഡുകൾ നടത്തുന്ന ശ്രദ്ധേയ ഏറ്റെടുക്കലുകൾക്ക് വേദിയായി കേരള വിപണി മാറിക്കഴിഞ്ഞു. ചന്ദ്രിക സോപ്പിനെ വിപ്രോ ഏറ്റെടുത്തത് 2003-2004 കാലഘട്ടത്തിലാണ്.
ചലച്ചിത്രതാരം മോഹൻലാലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘മോഹൻലാൽസ് ടേയ്‌സ്റ്റ് ബഡ്‌സി’നെ 2007-ൽ ഈസ്‌റ്റേൺ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. സ്‌പൈസ് പൗഡർ രംഗത്തെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ ‘മേളം’ 2015-ൽ മെഡിമിക്‌സ് ഉത്പന്നങ്ങളുടെ നിർമാതാക്കളായ എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു.
2020ലാണ് കേരളം ആസ്ഥാനമായ ഏറ്റവും വലിയ സ്‌പൈസ് പൗഡർ കമ്പനിയായ ‘ഈസ്റ്റേൺ കോണ്ടിമെന്റ്‌സി’ന്റെ 67.80 ശതമാനം ഓഹരികൾ 1,356 കോടി രൂപയ്ക്ക് നോർവീജിയൻ കമ്പനിയായ ‘ഓർക്‌ല’ സ്വന്തമാക്കിയത്.
ഓർക്‌ലയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനിയായ ‘എം.ടി.ആർ. ഫുഡ്‌സ്’ വഴിയായിരുന്നു ഈ ഏറ്റെടുക്കൽ.