ഡൽഹി: എഫ്എംസിജി സ്ഥാപനമായ മാരികോ അവരുടെ ആരോഗ്യ സംരക്ഷണ ബ്രാൻഡായ സഫോളയുടെ വിപുലീകരണം തുടരുമെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രതിരോധശേഷി, ഭക്ഷണങ്ങൾ, മയോണൈസ്, പീനട്ട് ബട്ടർ എന്നിവയിൽ സഫോള ബ്രാൻഡ് അതിന്റെ ഉൽപ്പന്ന നിര വിപുലീകരിച്ചതായി മാരിക്കോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സൗഗത ഗുപ്ത പറഞ്ഞു.
2024 സാമ്പത്തിക വർഷത്തോടെ 850-1,000 കോടി രൂപയുടെ ഭക്ഷ്യ പോർട്ട്‌ഫോളിയോ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എജിഎമ്മിൽ ഓഹരി ഉടമകളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗുപ്ത പറഞ്ഞു. കൂടാതെ സഫോളയ്ക്ക് പുറമെ പുതിയ ബ്രാൻഡുകൾ വഴി സെഗ്‌മെന്റിലെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താൻ മാരിക്കോ പദ്ധതിയിടുന്നു.
സഫോള എന്ന ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണ, നൂഡിൽസ്, ഓട്‌സ്, തേൻ, പ്രതിരോധശേഷി വർധിപ്പിക്കുന്ന ച്യവൻപ്രാഷ് എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ മാരിക്കോ വിൽക്കുന്നു. മാരിക്കോയുടെ ഭക്ഷ്യ പോർട്ട്‌ഫോളിയോ നടപ്പ് സാമ്പത്തിക വർഷത്തിൽ 450-500 കോടി രൂപയുടെ വിറ്റ് വരവ് നേടുമെന്ന് ഗുപ്‌ത ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ മാരിക്കോയുടെ 9 ശതമാനം വിൽപ്പനയും ഇ-കൊമേഴ്‌സ് വഴിയുള്ള ഓൺലൈൻ വിൽപ്പനയിൽ നിന്നാണ് വരുന്നത്.
ആഭ്യന്തര ബിസിനസ്സിലെ 8-10 ശതമാനം ആഭ്യന്തര വോളിയം വളർച്ചയുടെയും അന്താരാഷ്ട്ര ബിസിനസ്സിലെ സ്ഥിരമായ കറൻസി വളർച്ചയുടെയും പിൻബലത്തിൽ ഇടത്തരം കാലയളവിൽ 13-15 ശതമാനം വരുമാന വളർച്ച കൈവരിക്കാൻ കഴിയുമെന്നും. കൂടാതെ പ്രവർത്തന മാർജിൻ 19 ശതമാനത്തിൽ നിലനിർത്താനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.