ന്യൂഡല്‍ഹി: ആഗോള ബോണ്ട് സൂചികകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍(ഐജിബി) ഉള്‍പ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സം ഇവിടുത്തെ മൂലധന നേട്ട നികുതി വ്യവസ്ഥയാണ്. എസ് ആന്‍ഡ് പി ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.വില്‍പന നേട്ടങ്ങളിലെ നികുതി ഒഴിവാക്കുക എന്നതാണ് അന്താരാഷ്ട്ര മാനദണ്ഡം.
അതേസമയം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ലാഭത്തിന് ഇന്ത്യ മൂലധന നേട്ട നികുതി ചുമത്തുന്നു. ഇതോടെ ഇന്ത്യയ്ക്ക് ബോണ്ടുകള്‍ക്ക് ആഗോള സൂചികകളില്‍ ലിസ്റ്റ് ചെയ്യാനാകുന്നില്ല. എസ്ആന്റ്പി ഗ്ലോബല്‍ ചൂണ്ടിക്കാട്ടുന്ന തടസ്സം, ഇന്ത്യയും സൂചിക ദാതാക്കളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയം കൂടിയാണ്.
ഇന്ത്യന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് മൂലധന നികുതി ചുമത്തുന്ന നടപടിയെ സൂചിക ദാതാക്കള്‍ എതിര്‍ക്കുന്നു. അതേസമയം വിദേശ നിക്ഷേപകരുടെ മൂലധന നേട്ടങ്ങള്‍ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ആഭ്യന്തര നിക്ഷേപകരെ അക്കാര്യം പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. പ്രധാന ബോണ്ട് സൂചികകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഉള്‍പ്പെടുന്ന പക്ഷം, അത് 20-40 ബില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തിന് കാരണമാകും. മാത്രമല്ല, അടുത്ത ദശകത്തോടെ നിക്ഷേപം 180 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുമെന്നും എസ്ആന്റ്പി ഗ്ലോബല്‍ ചൂണ്ടിക്കാട്ടി.