
തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ നമ്പർ നല്‍കുന്ന ഡിജി ഡോർ പിൻ വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പർ നല്‍കുന്ന സംവിധാനമാണ് ഡിജി ഡോർ പിൻ. ഇത് സ്ഥിരം നമ്പറായിരിക്കും.
വീടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരുലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഡിജി ഡോർ പിൻനമ്പറിടാൻ ഓരോവീടും ജിയോടാഗ് ചെയ്യുമ്ബോള്‍ അനധികൃതകെട്ടിടങ്ങളെ കണ്ടെത്തും.
ഇവ നിയമപരമാക്കുന്നതോടെ നികുതിയിനത്തില്‍ വൻതുക തദ്ദേശവകുപ്പിന് കിട്ടും, കേരളത്തിലെ ആകെ കെട്ടിടങ്ങളുടെ കൃത്ത്യ എണ്ണവും കണ്ടെത്താനാകും.
സംസ്ഥാനത്താകെ 1.56 കോടി അംഗീകൃത കെട്ടിടങ്ങളാണുള്ളത്. വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെയാണിത്. ഇവയ്ക്കെല്ലാം പുതിയ നമ്പർ നല്‍കും. ഫ്ലാറ്റുകളില്‍ നമ്പറിടുമ്ബോള്‍ ഓരോ താമസക്കാരനെയും ഓരോ ഉടമയായി കണക്കാക്കുമെന്നതിനാല്‍ ആകെ കെട്ടിടങ്ങള്‍ 1.56 കോടിയില്‍നിന്ന് വീണ്ടുംകൂടും.
സർക്കാർ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ അംഗീകൃത കെട്ടിടങ്ങള്‍ – 1.56 കോടി. നഗരങ്ങളില്‍: ആകെ – 45.82 ലക്ഷം, വാസസ്ഥലങ്ങള്‍ – 32.76 ലക്ഷം, മറ്റുള്ളവ – 13.06 ലക്ഷം. ഗ്രാമങ്ങളില്‍: ആകെ – 1.10 കോടി, വാസസ്ഥലങ്ങള്‍ – 86.85 ലക്ഷം, മറ്റുള്ളവ – 23.56 ലക്ഷം.