വ്യോമയാന മേഖലയില്‍ ഏറ്റവും തിരക്കുള്ള ഇന്ത്യ-യു.എ.ഇ മേഖല കൂടുതല്‍ മത്സര ക്ഷമമാകുന്നു.
ചെലവ് കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന ഫ്ളൈ ദുബായ് കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ സേവനം ആരംഭിച്ചതിന് പിന്നാലെ വളരെ ചെലവ് കുറഞ്ഞ നിരക്കില്‍ സേവനം നടത്തുന്ന വിസ് എയര്‍ അബുദാബിയും ഉടന്‍ രംഗത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
179 ദിര്‍ഹത്തിന് (ഏകദേശം 4000 രൂപ) ടിക്കറ്റ് നല്‍കുന്ന കമ്പനിയാണ് വിസ് എയര്‍ അബുദാബി. നിലവില്‍ 15,000-22 0000 രൂപ നിരക്കലിന് കേരളത്തില്‍ നിന്ന് വിവിധ കമ്പനികള്‍ ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ നല്‍കുന്നത്.
ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങാന്‍ ഏറെ ആവേശത്തിലാണ് തങ്ങളെന്ന് ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജോഹന്‍ ഈധാഗന്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് അനുമതിക്കായി രേഖകള്‍ സമര്‍പ്പിച്ചതായാണ് അദ്ദേഹം അറിയിച്ചത്.
പ്രവാസികള്‍ക്ക് കീശ കാലിയാകില്ല
ബജറ്റ് എയര്‍ലൈനുകള്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സേവനം ആരംഭിക്കുന്നത് ജോലി സംബന്ധമായി യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുമെന്ന് യാത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബു ദാബി എന്നിവിടങ്ങളിലേക്ക് പോകുന്ന 60 % യാത്രക്കാരും അവിടെ ജോലി ചെയ്യുന്നവരൊ, ജോലി തേടി പോകുന്നവരുമാണ്.
ബാക്കി 40 % ടൂറിസ്റ്റുകളാണ്. വേനല്‍ കാലത്ത് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന വിമാന നിരക്കുകള്‍ കാരണം യൂറോപ്പ്, തായ്ലന്‍ഡ് തുടങ്ങി രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണതയും ഉണ്ടെന്ന് ഈ രംഗത്ത് ഉള്ളവര്‍ പറയുന്നു.
വിനോദ സഞ്ചാരികള്‍ പൊതുവെ ചെലവ് കുറഞ്ഞ ഫ്ളൈറ്റുകളില്‍ സഞ്ചരിക്കാന്‍ താല്‍പ്പര്യപെടാറില്ലെന്ന് ടൂറിസം രംഗത്തുള്ളവര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് യു.എ.ഇ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയാത്തതിന് പ്രധാന കാരണം കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാത്തതാണെന്ന് ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് പ്രഖ്യാപിച്ചിരുന്നു.
വളരെ വേഗത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് ഇന്ത്യ -യു എ ഇ മേഖലയില്‍ കൂടുതല്‍ ഫ്ളൈറ്റുകള്‍ വേണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.