കൊച്ചി: രാജ്യത്തെ വനിതാ സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ അഞ്ചാം ലക്കം നാളെ കളമശ്ശേരി ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടക്കും. ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ദേശീയ അന്തര്‍ദേശീയ രംഗത്ത് വിവിധ മേഖലകളില്‍ നായകത്വം വഹിക്കുന്ന പ്രമുഖവനിതകളാണ് വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആയിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഗോളതലത്തിലുള്ള വനിതാ സംരംഭകര്‍ക്ക് പുറമെ, വ്യവസായ പ്രമുഖര്‍, ഇനോവേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഇതില്‍ പങ്കെടുക്കും.
ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി, കെഎസ് യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് വേണ്ട സഹകരണം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ള ഷി ലവ്സ് ടെക് പരിപാടിയും ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.
ഇതിനു പുറമെ വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി മുപ്പതോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മൂന്ന് എക്സ്പീരിയന്‍ സെന്‍ററുകളും ഉച്ചകോടിയുടെ ഭാഗമായുണ്ട്.
സംരംഭകരാകാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിനായി കേന്ദ്ര വാണിജ്യവകുപ്പിന് കീഴിലുള്ള ആഭ്യന്തര വ്യവസായ-വാണിജ്യ വകുപ്പ് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കമ്പനി രജിസ്ട്രേഷന്‍, ബിസിനസ് ആശയങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ ഇവിടെ വിശദീകരിക്കും.
കെഎസ് യുഎമ്മിന്‍റെ മെന്‍റര്‍ഷിപ്പ് പരിപാടിയായ മൈന്‍ഡ്(എം.ഐ.എന്‍.ഡി-മൈന്‍ഡ് മെന്‍റര്‍ ഇന്‍സ്പയേഡ് നെറ്റ് വര്‍ക്കിംഗ് ഓണ്‍ ഡിമാന്‍ഡ്) ഉള്‍പ്പെടെ 12 ഓളം സെഷനുകളാണ് ഉച്ചകോടിയില്‍ നടക്കുക.
നെറ്റ്വര്‍ക്ക് 18 മാനേജിംഗ് എഡിറ്റര്‍ പാല്‍കി ശര്‍മ്മ ഉപാദ്ധ്യായ, സഹോദരി ഫൗണ്ടേഷന്‍റെ സ്ഥാപക കല്‍ക്കി സുബ്രഹ്മണ്യം, സാഫിന്‍ ഇന്ത്യയുടെ എംഡി സുജ ചാണ്ടി, ബിസിനസ് ഫിന്‍ലാന്‍റിന്‍റെ ഇന്ത്യാ വിഭാഗം ടാലന്‍റ് ബൂസ്റ്റ് മേധാവി ഗിറ്റ പെരെസ്, ഫിന്‍ലാന്‍റ് കോണ്‍സുലേറ്റ് ജനറല്‍ എറിക് ഗുസ്താവ് ക്രിസ്റ്റഫര്‍, തുടങ്ങി അമ്പതോളം പ്രമുഖരാണ് ഉച്ചകോടിയില്‍ വിവിധ സെഷനുകളിലായി സംസാരിക്കുന്നത്.
വനിതാ സ്റ്റാര്‍ട്ടപ്പുകളിലെ സുസ്ഥിരമായ വളര്‍ച്ച, സംരംഭക മേഖലയിലെ വനിതാ നെറ്റ്വര്‍ക്കുകള്‍, പാനല്‍ ചര്‍ച്ചകള്‍, പരിശീലനകളരികള്‍, ആശയസംവാദം, എന്നിവ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വനിതാ സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് നല്‍കുന്ന ദിശാബോധം, ആശയത്തില്‍ നിന്ന് മാതൃകയിലേക്ക്, മികച്ച സ്റ്റാര്‍ട്ടപ്പ് അടിത്തറ, വളര്‍ച്ചയുടെ ആസൂത്രണവും വെല്ലുവിളികളും, സംരംഭകത്വത്തിന്‍റെ ഭാവി, വ്യാവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്.