കൊച്ചി: പുതിയ വികസനങ്ങള്‍ക്കായി വണ്ടര്‍ലാ 800 കോടി രൂപ പിരിയ്‌ക്കുന്നു. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ (പ്രിഫറന്‍ഷ്യല്‍ അലോട്മെന്‍റ്) അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലോ പണം പിരിക്കുകയാണ് ലക്ഷ്യമാക്കുന്നത്.
മൂലധനം സമാഹരിക്കാന്‍ ബോര്‍ഡ് പച്ചക്കൊടി വീശിക്കഴിഞ്ഞു. നിലവില്‍ 10 രൂപ മുഖവിലയുള്ള ആറ് കോടി ഓഹരികളെ 10 രൂപ മുഖവിലയുള്ള എട്ട് കോടി ഓഹരികളായി ഉയര്‍ത്തും.
വണ്ടര്‍ലാ ഓഹരി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ വെറും 258 രൂപയില്‍ നിന്നും ഇപ്പോള്‍ 870 രൂപയില്‍ എത്തിയിരിക്കുകയാണ്. ഏകദേശം 601 ശതമാനത്തിന്റെ വളര്‍ച്ച.
2019ല്‍ 2.58 ലക്ഷം രൂപയ്‌ക്ക് ആയിരം വണ്ടര്‍ലാ ഓഹരികള്‍ വാങ്ങിയവര്‍ക്ക് 2024ല്‍ 8.7 ലക്ഷം രൂപ ലഭിയ്‌ക്കും എന്നര്‍ത്ഥം. ഇപ്പോള്‍ വണ്ടര്‍ ലാ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച ഇന്‍വെസ്റ്റ്മെന്‍റ് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൊച്ചിയിലെ വണ്ടര്‍ ലാ 25 വര്‍ഷം തികയ്‌ക്കുന്ന വേളയില്‍ വണ്ടര്‍ലായെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനുള്ള ശ്രമത്തിലാണ് അരുണ്‍ ചിറ്റിലപ്പള്ളി.
2000 മുതല്‍ ഇവിടെ നാല് കോടിയിലേറെപ്പേര്‍ ഇവിടം സന്ദര്‍ശിച്ചു. ഇതിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലും വണ്ടര്‍ലാ പാര്‍ക്കുകള്‍ ഉണ്ട്. ഇനി പുതുതായി ആറ് നഗരങ്ങളില്‍ കൂടി വണ്ടര്‍ ലാ തുറക്കുകയാണ്.
2030ഓടെ 10 വണ്ടര്‍ലാ അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ എന്നതാണ് ലക്ഷ്യം.