
മുംബൈ: പാദരക്ഷ, വസ്ത്ര ബ്രാൻഡായ വുഡ്‌ലാൻഡ് ഈ സാമ്പത്തിക വർഷം ഏകദേശം 1,200 കോടി രൂപയുടെ വിൽപ്പന പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഉപഭോക്താക്കൾ സ്റ്റോറുകളിലേക്ക് മടങ്ങുന്നതിനാൽ കമ്പനി കോവിഡിന് മുൻപുള്ള വില്പന നിലയിലേക്ക് എത്തുമെന്ന് എയ്‌റോ ക്ലബ് മാനേജിംഗ് ഡയറക്ടർ ഹർകിരാത് സിംഗ് പറഞ്ഞു.
വുഡ്‌സ്, വുഡ്‌ലാന്റ് എന്നീ ബ്രാൻഡുകളുടെ ഉടമസ്ഥതരായ എയ്‌റോ ക്ലബ്, കോവിഡ് മഹാമാരിയുടെ സമയത്ത് 50 ഓളം സ്റ്റോറുകൾ അടച്ചിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സ്റ്റോറുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ, കമ്പനി പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയുടെ ശ്രേണിയിലുള്ള യുവ ഉപഭോക്തൃ അടിത്തറയെ ലക്ഷ്യമിട്ട് കൊണ്ട് ഒരു പുതിയ ബ്രാൻഡ് അവതരിപ്പിച്ചു. സ്ട്രീറ്റ് വെയർ ബ്രാൻഡായ ഇത് ‘എ സ്കേറ്റിംഗ് മോങ്ക്’ എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുന്നത്.
വുഡ്‌ലാൻഡിന് നിലവിൽ ഇന്ത്യയിലുടനീളമായി 550 സ്റ്റോറുകളുണ്ട്. കമ്പനി പുതിയതായി തുറക്കുന്ന സ്റ്റോറുകളിൽ ഭൂരിഭാഗവും മെട്രോ നഗരങ്ങളിലും നിലവിലുള്ള മാർക്കറ്റുകളിലുമായിരിക്കുമെന്ന് വിപുലീകരണ പദ്ധതികൾ വിശദീകരിച്ച് കൊണ്ട് ഹർകിരാത് സിംഗ് പറഞ്ഞു. കൂടാതെ ഈ സാമ്പത്തിക വർഷം കമ്പനി 1,200 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വുഡ്‌ലാൻഡിന്റെ വിൽപ്പനയുടെ 20 ശതമാനത്തിലധികം ഇ-കൊമേഴ്‌സ് ചാനൽ പങ്കാളികളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും, അതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുമാണ് നടക്കുന്നത്. ഇപ്പോൾ സ്‌റ്റോറുകൾ തിരിച്ചുവരികയാണെങ്കിലും ഓഫ്‌ലൈൻ സ്റ്റോറുകൾക്കൊപ്പം ഓൺലൈനിലും വളർച്ച തുടരുമെന്ന് സിംഗ് പറഞ്ഞു.