ഇസ്ലാമാബാദ്: പാകിസ്ഥാന് 500 മില്യണ്‍ ഡോളറിന്റെ വായ്പ മരവിപ്പിച്ച് ലോകബാങ്ക്. സമയപരിധിക്കുള്ളില്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായിയാണ് ലോകബാങ്ക് വായ്പ മരവിപ്പിച്ചത്.
വ്യവസ്ഥകളില്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് പര്‍ച്ചേസ് പവര്‍ കരാര്‍ പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് പാലിക്കാതിരുന്നതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഊര്‍ജ രംഗത്ത് പാകിസ്ഥാന് വേണ്ടിയുള്ള 500 മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെയുള്ള വായ്പ ലോകബാങ്ക് റദ്ദാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തുടക്കത്തില്‍ 500 മില്യണ്‍ ഡോളറായി നിശ്ചയിച്ചിരുന്ന വായ്പാ തുക പിന്നീട് 600 മില്യണ്‍ ഡോളറായി ഉയര്‍ത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന് പുതിയ വായ്പകളില്ലെന്നും ലോകബാങ്ക് അറിയിച്ചു.
2025 ജൂണില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന് വായ്പയില്ലെന്ന് ലോക ബാങ്ക് വക്താവ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഐഎംഎഫ് 2.5 ബില്യണ്‍ ഡോളറിന്റെ ബാഹ്യ ധനസഹായ കുറവ് കണ്ടെത്തിയെന്നും പുതിയ വായ്പകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും വക്താവ് അറിയിച്ചു. പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നല്‍കിയത്.
400 മില്യണ്‍ യുഎസ് ഡോളറിന്റെ ആദ്യ ഗഡു ഇതിനകം നല്‍കി. സ്വതന്ത്ര പവര്‍ പ്രൊഡ്യൂസര്‍മാരുമായും (ഐപിപികള്‍) ചര്‍ച്ച, സിപിഇസിക്ക് കീഴില്‍ നിര്‍മ്മിച്ച ചൈനീസ് പവര്‍ പ്ലാന്റുകള്‍ പോലുള്ള നിരവധി നിബന്ധനകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചാണ് രണ്ടാം ഗഡുവിന്റെ വിതരണം.
കരാറുകള്‍ പുനഃപരിശോധിക്കുന്നതിനോ ഏകദേശം 16 ബില്യണ്‍ ഡോളര്‍ വരുന്ന ഊര്‍ജ്ജ കടം പുനഃക്രമീകരിക്കുന്നതിനോ ചൈന തുടര്‍ച്ചയായി വിസമ്മതിച്ചതിനാല്‍ കരാറുകളുടെ പുനരാലോചനയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ലോക ബാങ്ക് കണ്ടെത്തി.