
ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ വളരെ വിദൂരത്തിലുള്ള ഈ സ്വപ്നം യാഥാർഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും മോദി കൂട്ടിച്ചേർത്തു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ-2 ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണമായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് മോദി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരം നല്ല മാറ്റങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭൗതിക അടിസ്ഥാന സൗകര്യങ്ങളോടൊപ്പം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. നേരത്തെ വന്നുപോയ സർക്കാരുകൾ ഇന്ത്യയുടെ വളർച്ചയുടെ വേഗത അപകടമുണ്ടാക്കുമെന്നും അത് ആഡംബരമാണെന്നും വിശ്വസിച്ചിരുന്നു എന്നും. ഈ ഗവണ്മെന്റ് ആ ധാരണ തിരുത്തുകയും ചെയ്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം കൊവിഡ് മഹാമാരിയുമായി പൊരുതുമ്പോൾ പോലും കർണാടകയിൽ ഉണ്ടായ നാല് ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തുന്നതായി മോദി പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ട് വരുന്നതിൽ കർണാടക നേതൃത്വം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപം ഐടി മേഖലയിൽ മാത്രമല്ല, ബയോടെക്‌നോളജി മുതൽ പ്രതിരോധം വരെയുടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിമാന, ബഹിരാകാശ-ക്രാഫ്റ്റ് വ്യവസായത്തിൽ കർണാടകയ്ക്ക് 25 ശതമാനം വിഹിതമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധത്തിനായി നിർമിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും 70 ശതമാനവും കർണാടകയിലാണ് നിർമിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഫോർച്യൂൺ 500 പട്ടികയിലുള്ള 400-ലധികം കമ്പനികൾ കർണാടകയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.