
ന്യൂഡല്‍ഹി: നവംബര്‍ 15 ന് ലോക ജനസംഖ്യ 8 ബില്യണ്‍ കവിഞ്ഞു. ഇതില്‍ 17.8 ശതമാനം അഥവാ 6 പേരില്‍ ഒരാള്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. ലോക ജനസംഖ്യയുടെ വലിയ പങ്ക് ഇന്ത്യക്കാരാണെന്ന് ചിത്രം വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ ജനസംഖ്യ വാര്‍ഷികാടിസ്ഥാനത്തില്‍ കുറയുകയാണ്. നിലവിലെ ജനസംഖ്യാ വര്‍ധനവ് 1 ശതമാനത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ യുവത്വവും പഴങ്കഥയാകുന്നു.
ഇന്ത്യയുടെ ശരാശരി പ്രായം നിലവില്‍ 28.4 വയസ്സാണ്. അതേസമയം ലോകത്തിന്റേതാകട്ടെ 30 വയസും. ഇന്ത്യ ചെറുപ്പമാണ്, പക്ഷെ അത്ര ചെറുപ്പമല്ല.
അടുത്തദശകത്തോടെ ചിത്രം വീണ്ടും മാറും. രാജ്യത്തിന്റെ യുവത്വം, അതായത് 18-35 ജനസംഖ്യ, കുറയുന്നതോടെയാണ് ഇത്. 135 ദശലക്ഷം പേരാണ് അടുത്ത ദശകത്തോടെ 35 വയസിന് മുകളിലുള്ളവരാവുക.
2030 ഓടെ ഇന്ത്യന്‍ ശരാശരി പ്രായം 31.7 വയസാകും. അതായത് 1.5 ബില്യണ്‍ ജനസംഖ്യയുടെ പകുതി പേര്‍ 31.7 വയസിന് മുകളിലുള്ളവരായിരിക്കും. പകുതി അതിലും താഴെ .
ജപ്പാനാണ് ഈ കണക്കില്‍ വയസന്‍ രാഷ്ട്രം. ശരാശരി പ്രായം 48.4 വയസ്. ചെറുപ്പം നൈഗറിനാണ്. ശരാശരി പ്രായം 14.5 വയസാണ് അവിടെ.