ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഡിസംബര്‍ മാസത്തില്‍ 2 വര്‍ഷത്തെ താഴ്ചയായ 4.95 ശതമാനത്തിലെത്തി. നവംബറിലെ 5.85 ശതമാനത്തില്‍ നിന്നാണ് ഡിസംബറില്‍ മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) 4.95 ശതമാനമായി കുറഞ്ഞത്. 2021 നവംബറില്‍ 14.27 ശതമാനമായിരുന്നു ഡബ്ല്യുപിഐ.
ഭക്ഷ്യവസ്തുക്കള്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയിടിവാണ് മൊത്തവില സൂചിക പണപ്പെരുപ്പം കുറച്ചത്.മുന്‍ മാസത്തെ 23.17 ശതമാനത്തില്‍ നിന്ന് 18.09 ശതമാനമായി ക്രൂഡ് ഓയില്‍ പണപ്പെരുപ്പം കുറയുകയായിരുന്നു. മാനുഫാക്ചേര്‍ഡ് ഉത്പന്നങ്ങളുടെ പണപ്പെരുപ്പം 3.37 ശതമാനമായും ഭക്ഷ്യവില പണപ്പെരുപ്പം -1.25 ശതമാനമായും ചുരുങ്ങി.
ഇത്തരം ഉത്പന്നങ്ങള്‍ മൊത്ത വില സൂചികയുടെ മൂന്നില്‍ രണ്ട് വരും. അതുകൊണ്ടുതന്നെ ഇവയുടെ വിലക്കുറവ് മൊത്തം സൂചികയില്‍ പ്രതിഫലിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കള്‍, മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയിടിവാണ്, പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് കാരണമായത് ” വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിക്കുന്നു.
മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഡിസംബറില്‍ 5.72 ശതമാനമായി.
ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്.