
മുംബൈ: ഇന്ത്യയിലെ മീഡിയകോം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി അറിയിച്ച് ഡബ്ല്യുപിപി. സാം ബൽസാര, ലാറ ബൽസാര വാജിഫ്ദാർ എന്നിവരിൽ നിന്നാണ് കമ്പനി ഓഹരി ഏറ്റെടുത്തത്.
2008-ൽ ഡബ്ല്യുപിപിയും ബൽസാരസും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് മീഡിയകോം കമ്മ്യൂണിക്കേഷൻസ്. ഈ ക്രമീകരണത്തിന് കീഴിൽ, ബൽസാരാസിന് കമ്പനിയിൽ 51 ശതമാനം ഓഹരിയും ശേഷിക്കുന്ന ഓഹരി ഡബ്ല്യുപിപിക്കുമായിരുന്നു. തുടർന്ന് 2017ൽ ബൽസാര കുടുംബം തങ്ങളുടെ 51 ശതമാനം ഓഹരികളിൽ 25 ശതമാനവും ഡബ്ല്യുപിപിക്ക് വിറ്റു.
ഏകദേശം 15 വർഷം മുമ്പ് തങ്ങൾ ഏർപ്പെട്ട ഈ നൂതന പങ്കാളിത്തം എല്ലാ കക്ഷികൾക്കും മികച്ച വിജയമായിരുന്നെനും. ഇന്ത്യയിൽ അതിവേഗം വളരുന്നതും പരസ്യദാതാക്കൾ ഏറെ ബഹുമാനിക്കുന്നതുമായ ഒരു ഏജൻസിയായി മീഡിയകോം മാറിയെന്നും സാം ബൽസാര പറഞ്ഞു.
അതേസമയം നിർദിഷ്ട ഇടപാടിലൂടെ ബൽസാര കുടുംബം ഏജൻസിയിൽ നിന്ന് പുറത്ത് കടന്നു. ആഗോള ഏജൻസികളായ മീഡിയകോമും എസ്സെൻസും ലയിച്ച് എസ്സെൻസ് മീഡിയകോം എന്ന കമ്പനി രൂപീകരിക്കുമെന്ന് ഡബ്ല്യുപിപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.