ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെതിരെ അന്വേഷണം ആരംഭിച്ച് യൂറോപ്യന് യൂണിയൻ കമ്മീഷന്. തെറ്റായ വിവരങ്ങള്, നിയമവിരുദ്ധ ഉള്ളടക്കം, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉള്പ്പടെ ഡിജിറ്റല് സേവന നിയമത്തിന്റെ ലംഘനങ്ങള് നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അന്വേഷണത്തില് എക്സ് തെറ്റുകാരാണെന്ന് കണ്ടെത്തിയാല് കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയോ യൂറോപ്യന് യൂണിയനില് പ്രവര്ത്തിക്കുന്നതിനുള്ള വിലക്കോ നേരിടേണ്ടി വന്നേക്കാം.
തെറ്റിദ്ധരിപ്പിക്കും വിധമുള്ള രൂപകല്പനയെ കുറിച്ചുള്ള ആശങ്കകളും അന്വേഷണ വിധേയമാവും. പ്രത്യേകിച്ചും ബ്ലൂ ചെക്ക് മാര്ക്കിന്റെ ഉപയോഗവും പണം നല്കുന്നവര്ക്ക് മാത്രം അത് നല്കുന്നതും അന്വേഷണത്തിന് വിധേയമാവും.
മസ്ക് വരുന്നതിന് മുമ്പ് മന്ത്രിമാര്, സെലിബ്രിട്ടികള്, പ്രശസ്ത വ്യക്തികള് എന്നിവര്ക്ക് മാത്രമാണ് വെരിഫൈഡ് അക്കൗണ്ടുകള് നല്കാറുള്ളത്.
ജൂണില്, കാലിഫോര്ണിയയില് വെച്ച് തിയറി ബ്രെട്ടനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, താന് നിയമം അനുസരിക്കുമെന്ന് മസ്ക് ഉറപ്പുനല്കിയിരുന്നു. എക്സില് വ്യാജവാര്ത്തകളും വിദ്വേഷ പ്രസംഗങ്ങളും ഉണ്ടെന്ന് വിമര്ശനം ശക്തമാണ്.
പ്രത്യേകിച്ചും ഒക്ടോബര് 7-ന് ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും തുടര്ന്ന് ഗാസയില് ഇസ്രായേല് നടത്തിയ ബോംബാക്രമണത്തിനും ശേഷം.
ഹമാസ്-ഇസ്രായേല് യുദ്ധത്തിന്റെ പശ്ചാത്തലത്തില് എക്സിലുണ്ടായ നിയമവിരുദ്ധ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടും അവ കൈകാര്യം ചെയ്യുന്നതില് എക്സിന്റെ പ്രാപ്തി സംബന്ധിച്ചും അന്വേഷണം നടക്കും.
അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല് അന്വേഷണം ചില ഇടക്കാല നടപടികള്ക്ക് വഴിവെച്ചേക്കാം. അടുത്ത യൂറോപ്യന് യൂണിയന് പാര്ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല് പ്ലാറ്റ്ഫോമുകള്ക്ക് പുതിയ മാര്ഗനിര്ദേശം നല്കുന്ന കാര്യം യൂറോപ്യന് യൂണിയന് പരിഗണിക്കുന്നുണ്ട്.
വിദ്വേഷ പ്രസംഗം, ആക്രമണ ആഹ്വാനം, ദോഷകരമായ ഉള്ളടക്കങ്ങള് തുടങ്ങിയവ ഓണ്ലൈനില് പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങള് പാലിക്കുന്നതിന് വേണ്ടിയുള്ളതാണ് ഡിജിറ്റല് സേവന നിയമം.
യുഎസില് നിന്ന് വ്യത്യസ്തമായി ഓണ്ലൈന് ഉള്ളടക്കങ്ങളുടെ കാര്യത്തില് കര്ശന നിലപാടാണ് യൂറോപ്യന് യൂണിയന് സ്വീകരിച്ചുവരുന്നത്.
ഇലോണ് മസ്ക് ട്വിറ്ററിനെ എക്സ് ആക്കി പരിവര്ത്തനം ചെയ്തതിന് ശേഷം ഉയര്ന്ന ഓരോ വിമര്ശനങ്ങളും എക്സില് വന്ന മാറ്റങ്ങളുമെല്ലാം അന്വേഷണ വിധേയമാവും.
എന്തായാലും, യൂറോപ്യന് യൂണിയനില് എക്സിന്റെ ഭാവി നിര്ണയിക്കുന്നതാവും അന്വേഷണ റിപ്പോര്ട്ട്.