ഗുരുതര ബ്രേക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരത്തുകളിൽ നിന്നു മൂന്നു ലക്ഷത്തോളം സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് യമഹ ഇന്ത്യ. 2022 ജനുവരി 1 മുതൽ 2024 ജനുവരി 4 വരെ നിർമ്മിച്ച 125 സിസി സ്‌കൂട്ടറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
യൂണിറ്റുകൾ ഉടനടി പ്രാബല്യത്തിൽ തിരിച്ചുവിളിക്കുന്നതായി കമ്പനി അറിയിച്ചു. തകരാർ കണ്ടെത്തിയതിനെ തുടർന്ന് കമ്പനി സ്വമേധയാ സ്വീകരിച്ചിരിക്കുന്ന നടപടിയാണിത്.
തിരിച്ചുവിളിച്ച മോഡലുകളുടെ ബ്രേക്ക് ലിവർ പ്രവർത്തനത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. Ray ZR 125 Fi Hybrid, Fascino 125 Fi Hybrid മോഡലുകളിലാണ് തകരാർ സംശയിക്കുന്നത്. 2022 ജനുവരിക്കു ശേഷം നിർമ്മിച്ച മോഡലുകളിൽ മാത്രമാണ് നിലവിൽ തകരാർ കണ്ടെത്തിയിട്ടുള്ളുവെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ നിർമ്മിച്ച സ്‌കൂട്ടറുകൾ ഉപയോക്താക്കൾ എത്രയും വേഗം അടുത്തുള്ള ഔദ്യോഗിക സർവീസ് സെന്ററുകളിൽ എത്തിക്കേണ്ടതുണ്ട്. മാറ്റിസ്ഥാപിക്കുന്ന ഭാഗം ബന്ധപ്പെട്ട ഉപഭോക്താവിന് സൗജന്യമായി നൽകുമെന്നു കമ്പനി അറിയിക്കുന്നു.
തിരിച്ചുവിളിക്കുന്നതിനുള്ള യോഗ്യത പരിശോധിക്കുന്നതിന്, ഉപഭോക്താക്കൾക്ക് യമഹ മോട്ടോഴ്‌സ് ഇന്ത്യ വെബ്സൈറ്റിലെ സേവന വിഭാഗം സന്ദർശിക്കാവുന്നതാണ്. ഇവിടെ ‘SC 125 Voluntary Recall’ എന്ന ഓപ്ഷനിൽ വാഹനത്തിന്റെ വിശദാംശങ്ങൾ നൽകി പരിശോധിക്കാവുന്നതാണ്.
യമഹയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടു സ്‌കൂട്ടർ മോഡലുകളാണ് റേ 125, ഫാസിനോ 125 എന്നിവ. 2023 ൽ അപ്‌ഗ്രേഡ് ചെയ്ത ഈ മോഡലുകളാണിവ.
സർക്കാരിന്റെ മലനീകരണ നിർദേശങ്ങൾ പാലിക്കുന്ന BS- VI OBD2 & E-20 ഫ്യുവൽ കംപ്ലയിന്റ് എൻജിനാണ് ഇരു മോഡലുകളിലുമുള്ളത്. 125 സിസി എൻജിൻ എയർ-കൂൾഡ് ആണ്. ഫ്യൂവൽ ഇഞ്ചക്റ്റഡ് (FI) ഉപയോഗിക്കുന്നു.
6,500 ആർപിഎമ്മിൽ 8.2 പിഎസ് കരുത്തും, 5,000 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. ഈ 125 സിസി എഫ്‌ഐ ഹൈബ്രിഡ് എൻജിൻ യമഹയുടെ ആഗോള ഗവേഷണവും വികസനവും ഉൾക്കൊള്ളുന്നതാണ്.
ഹൈബ്രിഡ് എഞ്ചിനിൽ ഒരു സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) സിസ്റ്റവും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.