
യാത്രാ സേവന ദാതാക്കളായ യാത്രാ ഓണ്‍ലൈനിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ ) സെപ്‌റ്റംബര്‍ 15 ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 20 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യാത്രാ ഓണ്‍ലൈന്‍ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക് നല്‍കിയിരുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 601 കോടി രൂപയാണ് സമാഹരിക്കുന്നത്.
ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) 1,21,83,099 ഓഹരികളും വിറ്റഴിക്കും. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വിറ്റഴിക്കുന്നത്.
പ്രൊമോട്ടറായ ടിഎച്ച്‌സിഎല്‍ ട്രാവല്‍ ഹോള്‍ഡിംഗ്‌സ് സൈപ്രസ് 17,51,739 ഓഹരികള്‍ വില്‍ക്കും. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ് എസ്) വഴി ഓഹരികള്‍ വില്‍ക്കും.
രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയാണ് യാത്രാ ഓണ്‍ലൈന്‍. നേരത്തെ 750 കോടി രൂപയുടെ പുതിയ ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു പദ്ധതി.
ഇഷ്യു വില അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പുതിയ ഏറ്റെടുക്കലുകള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.