കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളെയും തുടർന്ന് കൊമ്പത്തു നിന്ന് കൂപ്പുകുത്തി താഴേക്ക് വീണതാണ് യെസ് ബാങ്കിന്റെ ചരിത്രം. 400 രൂപയിൽ നിന്ന് 10 രൂപയിലേക്കുള്ള വീഴ്ച നിക്ഷേപകരെ പ്രതിസന്ധിയിലാക്കി.
പിന്നീട് ചെറിയ ചലനങ്ങൾ നടത്തിയ യെസ് ബാങ്ക് ഓഹരി 2022 ഡിസംബറിൽ പുതിയ 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ചു. 2 മാസത്തിനിടെ 35 ശതമാനം ഉയർന്ന് 24.75 രൂപയിലായിരുന്നു ഡിസംബറിൽ യെസ് ബാങ്ക് ഓഹരികൾ.
ഇവിടെ നിന്ന് വീണ്ടും താഴോട്ടിറങ്ങിയ യെസ് ബാങ്ക് (NSE: YESBANK | BOM: 532648) വെള്ളിയാഴ്ച 3.60 ശതമാനം ഇടിഞ്ഞ് 16.85 രൂപയിലാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്കിൽ മറ്റു സ്വകാര്യ ബാങ്കുകളുടെ നിക്ഷേപത്തിനുള്ള 3 വർഷ ലോക്-ഇൻ കാലയളവ് മാർച്ച് 13-ന് അവസാനിക്കും. ഈ സാഹചര്യത്തിൽ യെസ് ബാങ്ക് ഓഹരികൾക്ക് ഇനി ഇടിവിന്റെ കാലമാണോ. നിക്ഷേപകർ എന്ത് ചെയ്യണം. വിശദമായി നോക്കാം.
7 ബാങ്കുകളുടെ നിക്ഷേപം
യെസ് ബാങ്കിന്റെ മാനേജ്‌മെന്റ് എസ്ബിഐ ഏറ്റെടുത്തതിന് പിന്നാലെ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഫെഡറല് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്നത്.
10 രൂപ വിലയുള്ള 395 കോടി ഓഹരികളാണ് 7 സ്ഥാപനങ്ങൾക്കായി അനുവദിച്ചിരുന്നത്. ഇതിൽ ഓരോ സ്ഥാപനത്തിന്റെയും കൈവശമുള്ള മൊത്തം ഓഹരിയുടെ 75 ശതമാനവും 2020 മാർച്ച് 13 മുതൽ മൂന്ന് വർഷത്തേക്ക് ലോക്ക്-ഇൻ കാലാവധിയുളളവയാണ്. ബാക്കിയുള്ള 25 ശതമാനം കൈമാറ്റം ചെയ്യാം എന്ന നിലയിലാണ് ഓഹരികൾ അനുവദിച്ചത്.
ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവ 1,000 കോടി രൂപ വീതമാണ് യെസ് ബാങ്കിൽ നിക്ഷേപിച്ചത്. ആക്‌സിസ് ബാങ്ക് 600 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപയും നിക്ഷേപിച്ചിരുന്നു.
ഫെഡറൽ ബാങ്കും ബന്ധൻ ബാങ്കും 300 കോടി രൂപ വീതവും ഐഡിഎഫ്‌സി ബാങ്ക് 250 കോടി രൂപയുമാണ് യെസ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചത്. യെസ് ബാങ്കിൽ 26.14 ശതമാനം ഓഹരികളുള്ള എസ്ബിഐ ഓഹരി പങ്കാളിത്തം കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
ഓഹരികൾ ലാഭത്തിൽ
ലോക്ഇൻ പിരിയഡുള്ള ഓഹരികളുടെ കാലാവധി മാര്‍ച്ച് 13 ന് അവസാനിക്കുകയാണ്. ബാങ്കുകള്‍ 10 രൂപ നിലവാരത്തിലാണ് യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയത്. ഇന്നത്തെ ഓഹരി വില കണകാക്കുമ്പോൾ ഈ നിക്ഷേപം നിലവില്‍ 60 ശതമാനത്തോളം ലാഭത്തിലാണ്.
ഇതിനാല്‍ ലോക്-ഇന്‍ കാലാവധി അവസാനിച്ചാല്‍ ബാങ്കുകള്‍ ലാഭമെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. ലാഭമെടുക്കാൽ വലിയൊരു ഇടിവ് ഓഹരി വിലയിൽ കാണാം.
ബാങ്കുകൾ ലാഭമെടക്കുമോ?
എസ്ബിഐ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് ശേഷം യെസ് ബാങ്ക് പതിവായി മാർജിൻ മെച്ചപ്പെടുന്നതിനാൽ നാലാം പാദ ഫലത്തിന് ശേഷം മാത്രമെ നിക്ഷേപങ്ങളിൽ ലാഭമെടുക്കുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഇതോടൊപ്പം കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ധനമന്ത്രാലയം ആരംഭിച്ച അസറ്റ് റീസ്ട്രക്ചറിംഗ് കമ്പനി യെസ് ബാങ്കിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. ലോക്ക്-ഇൻ പിരീഡ് അവസാനിച്ചതിന് ശേഷം കുറച്ച് ലാഭമെടുക്കൽ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ നാലാം പാദഫലത്തിൽ ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് മാർജിൻ വർധിക്കുകയാണെങ്കിൽ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം തുടരാൻ സ്വകാര്യ ബാങ്കുകൾ തീരുമാനിക്കാം എന്നാണ് ജിസിഎൽ ബ്രോക്കിംഗ് സിഇഒ രവി സിംഗാളിന്റെ വിലയിരുത്തൽ.
നിക്ഷേപകർ എന്ത് ചെയ്യണം
ഈ സാഹചര്യത്തിൽ നിക്ഷേപകർ എന്ത് ചെയ്യണമെന്ന് വിവിധ സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങൾ നോക്കാം. ഓഹരി വിലയില്‍ ഇടിവുണ്ടായാല്‍ 14 രൂപ മുതല്‍ 16 രൂപ നിലവാരത്തില്‍ വാങ്ങുന്നതാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമെന്ന് രവി സിംഗാള്‍ നിര്‍ദ്ദേശിക്കുന്നു.
ഇടക്കാലത്തേക്ക് 20 രൂപ ലക്ഷ്യ വിലയാണ് ഇദ്ദേഹം യെസ് ബാങ്ക് ഓഹരിക്ക് നിർദ്ദേശിക്കുന്നത്. ദീര്‍ഘകാലത്തേക്ക് 24 രൂപയിലേക്കും യെസ് ബാങ്ക് ഓഹരികൾ എത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
ആനന്ദ് രതി ഫിനാൻഷ്യൽ സർവീസിലെ ഗണേഷ് ഡോങ്കേയുടെ അഭിപ്രായത്തിൽ 15 രൂപ നിവാരത്തിൽ മികച്ച പിന്തുണ യെസ് ബാങ്ക് ഓഹരികൾക്കുണ്ട്. 15-16 രൂപ വിലയിൽ പുതിയ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാം.
നിലവിൽ ഓഹരികലുള്ളവർ 15 രൂപ സ്റ്റോപ്പ് ലോസ് വെയ്ക്കാനും അദ്ദേഗം നിർദ്ദേശിക്കുന്നു.