
മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ യുണികോണായ സെറ്റ്‌വർക്കിന്റെ വരുമാനം ആറിരട്ടി വർധിച്ച് 4,961 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 835 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു.
പ്രസ്തുത കാലയളവിലെ കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം മുൻവർഷത്തെ 951 കോടി രൂപയിൽ നിന്ന് ആറ് മടങ്ങ് വർധിച്ച് 5,718 കോടി രൂപയായി. കൂടാതെ 9,750 കോടി രൂപയുടെ ഓർഡർ ബുക്കാണ് കമ്പനിക്കുള്ളത്.
തങ്ങളുടെ വളർച്ചയുടെ വലിയൊരു ഭാഗം സംഭാവന ചെയ്തത് അന്താരാഷ്ട്ര ബിസിനസ് ആണെന്നും. ഇത് മൊത്ത വരുമാനത്തിന്റെ ഏകദേശം 46 ശതമാനം വരുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 5 ശതമാനം മാത്രമായിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ഉൽപ്പാദനം പ്രാദേശികവൽക്കരിക്കാൻ നോക്കുന്നുണ്ടെന്നും ഇത് ബിസിനസ് വളർച്ചയിൽ സെറ്റ്‌വർക്കിനെ സഹായിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അമൃത് ആചാര്യ പറഞ്ഞു.