
മുംബൈ: വിപണ സമ്മർദ്ദം കാരണം ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ (Zomato), 4.66 കോടി ഓഹരികൾ ജീവനക്കാര്‍ക്കുള്ള വിഹിതമായി (എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ) എക്‌സൈസ് വിലയ്ക്ക് അനുവദിച്ചു. ഇന്നലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ ആണ് ജീവനക്കാർക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ചത്.
രണ്ട് ദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരികളുടെ മൂല്യത്തിൽ 21 ശതമാനം ഇടിവാണ് നേരിട്ടത്. ഏകദേശം 613 കോടി ഷെയറുകളുടെ ഒരു വർഷത്തെ ലോക്ക്-ഇൻ കാലയളവ് അല്ലെങ്കിൽ സൊമാറ്റോയുടെ 78 ശതമാനം ഓഹരികൾ കഴിഞ്ഞ ആഴ്ച ശനിയാഴ്ച (ജൂലൈ 23) അവസാനിച്ചതിനാൽ, കമ്പനിയുടെ ഓഹരി വില ഈ ആഴ്ച വിൽപ്പന സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇന്ന് സൊമാറ്റോയുടെ ഓഹരികൾ ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 43.60 എന്ന നിലയിലെത്തി. ഇന്നലെ പ്രമോട്ടർമാർക്കും ഓഹരി ഉടമകൾക്കും ജീവനക്കാർക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള ഒരു വർഷത്തെ ലോക്ക്-ഇൻ അവസാനിച്ചതിനാൽ സൊമാറ്റോയുടെ ഓഹരികൾ 13 ശതമാനത്തിലധികം ഇടിഞ്ഞ് റെക്കോർഡ് താഴ്ന്ന നിലയിലെത്തി. നിലവിലെ ഓഹരി വില പ്രകാരം ജീവനക്കാർക്ക് അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്.
മുംബൈ ഓഹരി വിപണിയിലും നാഷണൽ ഓഹരി വിപണിയിലും സൊമാറ്റോയുടെ ഓഹരികൾ 2021 ജൂലൈ 23ന് ലിസ്റ്റ് ചെയ്തിരുന്നു. മാർക്കറ്റ് റെഗുലേറ്റർ ആയ സെബി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ച്, ഐപിഒയ്ക്ക് മുമ്പ് ഒരു കമ്പനിയുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്ക് ലിസ്റ്റിംഗിന് ശേഷം ഒരു വർഷത്തേക്ക് അവരുടെ ഓഹരികൾ വിൽക്കാൻ കഴിയില്ല.