
മുംബൈ: ഇന്നൊവേറ്റീവ് ഇന്റർനാഷണൽ അക്വിസിഷൻ കോർപ്പറേഷനുമായി ലയിക്കാൻ ഒരുങ്ങി കാർ ഷെയറിംഗ് പ്ലാറ്റ്ഫോമായ സൂംകാർ. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഇന്നൊവേറ്റീവ് ഇന്റർനാഷണൽ അക്വിസിഷനുമായി ലയന കരാറിൽ ഒപ്പുവെച്ചു.
സംയുക്ത കമ്പനിയുടെ മൂല്യം ഏകദേശം 456 മില്യൺ ഡോളറാണ്. ഇടപാട് പൂർത്തിയായി കഴിഞ്ഞാൽ സംയുക്ത സ്ഥാപനത്തിന്റെ പേര് സൂംകാർ ഹോൾഡിംഗ്സ് ഇങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെടും. കൂടാതെ നാസ്ഡാക്കിൽ അതിന്റെ ഓഹരി ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
2013-ൽ സ്ഥാപിതമായ സൂംകാർ നിലവിൽ ആഗോളതലത്തിൽ 50-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. ഇതിന് 3 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും 25,000-ത്തിലധികം വാഹനങ്ങളുമുണ്ട്. ഒന്നോ അതിലധികമോ ബിസിനസ്സുകളുമായി ലയനം, ഓഹരി കൈമാറ്റം, ആസ്തി ഏറ്റെടുക്കൽ, ഓഹരി വാങ്ങൽ, പുനഃസംഘടിപ്പിക്കൽ എന്നിവ പ്രാബല്യത്തിൽ വരുത്തുന്നതിനായി രൂപീകരിച്ച ഒരു ബ്ലാങ്ക് ചെക്ക് കമ്പനിയാണ് ഇന്നൊവേറ്റീവ്.