
മുംബൈ: സൈഡസ് ലൈഫ് സയൻസസിന്റെ കാൻസർ ചികിത്സ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. ക്യാൻസർ ചികിത്സ മരുന്നായ ലെനാലിഡോമൈഡിന്റെ വിപണനത്തിനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചതെന്ന് ഫാർമ സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
മുമ്പ് കാഡില ഹെൽത്ത്‌കെയർ എന്നറിയപ്പെട്ടിരുന്ന കമ്പനിക്ക് 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം എന്നിങ്ങനെ വീര്യത്തിലുള്ള മരുന്ന് പുറത്തിറക്കുന്നതിനാണ് താൽക്കാലിക അനുമതി ലഭിച്ചത്.
വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്കായാണ് ലെനാലിഡോമൈഡ് ഉപയോഗിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലാകും മരുന്ന് നിർമ്മിക്കുക. ഈ അനുമതി ലഭിച്ച പ്രഖ്യാപനത്തെത്തുടർന്ന് സൈഡസ് ലൈഫ് സയൻസസിന്റെ ഓഹരികൾ 0.20 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 376 രൂപയിലാണ് വ്യാപാരം നടത്തുന്നത്.