മുംബൈ: വിഷാദരോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന വെൻലാഫാക്‌സിൻ ഗുളികകളുടെ ജനറിക് പതിപ്പ് വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് അറിയിച്ചു.
ഇത് കൂടാതെ പ്രമേഹം മൂലമോ ഷിംഗിൾസ് അണുബാധ മൂലമോ ഉണ്ടാകുന്ന നാഡി വേദന ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രീഗബാലിൻ ഗുളികകൾക്കും യുഎസ്എഫ്ഡിഎ അന്തിമ അനുമതി നൽകിയതായി കമ്പനി അറിയിച്ചു. 82.5 മില്ലിഗ്രാം, 165 മില്ലിഗ്രാം, 330 മില്ലിഗ്രാം എന്നി അളവുകളിലെ പ്രെഗബാലിൻ ടാബ്‌ലെറ്റുകൾ വിപണിയിലെത്തിക്കാനാണ് കമ്പനിക്ക് അനുമതി ലഭിച്ചത്.
അതേസമയം വെൻലാഫാക്‌സിൻ ഗുളികകളുടെ 37.5 മില്ലിഗ്രാം, 75 മില്ലിഗ്രാം, 150 മില്ലിഗ്രാം, 225 മില്ലിഗ്രാം എന്നി പതിപ്പുകൾ പുറത്തിറക്കാനാണ് യുഎസ്എഫ്ഡിഎ അനുവദിച്ചിരിക്കുന്നതെന്ന് സൈഡസ് ലൈഫ് സയൻസസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി എന്നിവയുടെ ചികിത്സിയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് വെൻലാഫാക്സിൻ.
രണ്ട് മരുന്നുകളും സൈഡസിന്റെ അഹമ്മദാബാദ് ഫോർമുലേഷൻ മാനുഫാക്‌ചറിംഗ് ഫെസിലിറ്റിയിൽ നിർമ്മിക്കും. ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ്. ഇത് പ്രാഥമികമായി ജനറിക് മരുന്നുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.