ന്യൂഡല്‍ഹി: ദശാബ്ദങ്ങളായി തുടരുന്ന ആഗോള ഊര്‍ജ്ജ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കാരണമായെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). ഹരിത ഊര്‍ജ്ജ സംക്രമണം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഇത്. വേള്‍ഡ് എനര്‍ജി ഔട്ട്ലുക്കിലാണ് ഐഇഎ ഇക്കാര്യം പ്രതിപാദിക്കുന്നത്.
എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വിതരണക്കുറവ് മൂലമുണ്ടായ സാമ്പത്തിക തടസ്സം അംഗീകരിക്കുമ്പോള്‍ തന്നെ, ഫോസില്‍ ഇന്ധന പദ്ധതികളില്‍ നിക്ഷേപം ആവശ്യമില്ലാത്ത, പരിസ്ഥിതി സൗഹാര്‍ദ്ദ സാഹചര്യം ഉയര്‍ന്നുവന്നു എന്നത് ശ്രദ്ധേയമാണ്. “ഊര്‍ജ്ജ വിപണികളും നയങ്ങളും എന്നെന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു,” ഐഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ഊര്‍ജ്ജ ലോകം കണ്‍മുന്നില്‍ നാടകീയമായി മാറ്റത്തിന് വിധേയമാവുകയാണ്.
ശുദ്ധവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊര്‍ജ്ജ സംവിധാനത്തിലേക്കുള്ള ചരിത്രപരവും നിര്‍ണ്ണായകവുമായ പരിവര്‍ത്തനമാണ് ഇത്. സ്റ്റെപ്സ് എന്ന പേരില്‍ പ്രസ്താവിച്ച നയങ്ങള്‍ പ്രകാരം 2030 വരെയുള്ള ആഗോള ഊര്‍ജ്ജ ആവശ്യകതയുടെ ഏകദേശം 1 ശതമാനം നിവര്‍ത്തിക്കുക പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളാകും. ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ഡിമാന്‍ഡില്‍ നിര്‍ണ്ണായകമായ ഉയര്‍ച്ച കാണുന്ന റിപ്പോര്‍ട്ട്, കല്‍ക്കരി ഡിമാന്‍ഡ് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വളരെയധികം വര്‍ധിക്കുമെന്ന് വിലയിരുത്തുന്നു.
2030-കളുടെ മധ്യത്തില്‍ എണ്ണയുടെ ആവശ്യം ഉയര്‍ന്ന നിലയിലെത്തുമെങ്കിലും പിന്നീട് കുറയും. ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് 2030 ആകുമ്പോഴേക്കും 75 ശതമാനത്തില്‍ താഴെയായും നൂറ്റാണ്ടിന്റെ മധ്യത്തോടെ 60 ശതമാനമായും കുറയും, ഐഇഎ കണക്കൂകൂട്ടുന്നു. നിലവില്‍, ഊര്‍ജ്ജാവശ്യങ്ങളുടെ 80 ശതമാനവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്.
ആഗോള ക്ലീന്‍ എനര്‍ജി മാനുഫാക്ചറിംഗ് ശേഷിയില്‍ ആസൂത്രിതമായ വര്‍ദ്ധനവ് പ്രകടമാണെന്ന് ഔട്ട്‌ലുക്ക് ചൂണ്ടിക്കാട്ടി. ഇലക്ട്രോലൈസറുകള്‍ക്കും സോളാര്‍ പിവി മൊഡ്യൂളുകള്‍ക്കുമായി 2030-ല്‍ പ്രഖ്യാപിച്ച ആഗോള ഉല്‍പ്പാദന ശേഷി പ്രതീക്ഷയ്ക്കപ്പുറത്താണ്. എന്നാല്‍ 2050 ഓടെ നെറ്റ് സീറോ എമിഷന്‍സ് എത്തിപ്പിടിക്കാന്‍ ക്ലീന്‍, പുനരുപയോഗിക്കാവുന്ന എനര്‍ജി രംഗങ്ങളില്‍ മൂന്നിരട്ടി കൂടുതല്‍ നിക്ഷേപം ആവശ്യമാണ്.
വൈദ്യുതി പോലുള്ള ആധുനിക ഊര്‍ജ്ജം സ്വായത്തമാക്കാന്‍ കഴിയാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഔട്ട്‌ലുക്ക് നിരീക്ഷിക്കുന്നു. ഉയരുന്ന ചെലവുകളാണ് കാരണം. ക്രൂഡ് ഓയിലിനോടൊപ്പം കല്‍ക്കരി വിലയും നിലവില്‍ ആകാശം തൊട്ടിരിക്കയാണ്.
അതുകൊണ്ടുതന്നെ, അടുത്തിടെ വൈദ്യുതി പ്രവേശനം നേടിയ ഏകദേശം 75 ദശലക്ഷം ആളുകള്‍ക്ക് അതിനുള്ള തുക അടക്കാന്‍ കഴിയാതെ വരും. 100 ദശലക്ഷം ആളുകള്‍ പാചകത്തിനായി പരമ്പരാഗത ജൈവവസ്തുക്കളിലേയ്ക്ക് മടങ്ങാനും സാധ്യതയുണ്ട്. യൂറോപ്പ് വിപണി നഷ്ടമായതോടെ, അന്താരാഷ്ട്ര ഊര്‍ജ കാര്യങ്ങളില്‍ റഷ്യയുടെ പങ്ക് കുറയാനുള്ള സാധ്യതയും ഐഇഎ മുന്‍കൂട്ടി കാണുന്നു.